
രാജവാഴ്ച്ചയേയും നാടുവാഴിത്തത്തേയും ഏകാധിപകത്യത്തെയുമെല്ലാം പൊരുതി തോൽപ്പിച്ചാണ് ലോകത്ത് എവിടെയാണെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടികൾ അധികാരം പിടിച്ചിട്ടുള്ളത്. സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് ഇന്നും വലിയൊരു വിഭാഗത്തിന്റെ പിന്തുണയുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇന്ന് അധികാരം കയ്യാളുന്ന രാജ്യങ്ങൾ ഒന്നും പൂർണമായും സോഷ്യലിസ്റ്റ് സമ്പത് ക്രമം പിന്തുടരുന്നവരല്ല. മാറിയ കാലത്തിനനുസരിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടുകളും തങ്ങളുടെ അടവ് നയങ്ങളും കാഴ്ച്ചപ്പാടുകളും മാറ്റുന്നുണ്ട്. എന്നാൽ, കമ്മ്യൂണിസ്റ്റ് ഭരണം മാറ്റി രാജവാഴ്ച്ച പുനസ്ഥാപിക്കാനുള്ള നേപ്പാളിലെ പ്രക്ഷോഭങ്ങളാണ് ഇപ്പോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
നേപ്പാളിലെ മുൻ രാജാവ് ഗ്യാനേന്ദ്ര ഷായ്ക്ക് അധികാരം കൈമാറണം എന്നാവശ്യപ്പെട്ട് നേപ്പാളിൽ വളരെ നാളായി പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. രാജവാഴ്ച്ച പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രാജകുടുംബ അനുകൂല പ്രതിഷേധക്കാർ തെരുവിലിറങ്ങിയതോടെ വെള്ളിയാഴ്ച കാഠ്മണ്ഡുവിൽ അക്ഷരാർത്ഥത്തിൽ തെരുവ് യുദ്ധമായിരുന്നു. സംഘർഷത്തിൽ ഒരു പത്രപ്രവർത്തകൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെടുകയും 30 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഭരണകൂടം കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
2008-ൽ ആണ് നേപ്പാളിൽ രാജവാഴ്ച നിർത്തലാക്കിയത്. എന്നാൽ, പിന്നീട് ഈ രാജ്യത്ത് 13 വ്യത്യസ്ത സർക്കാരുകൾ അധികാരത്തിലെത്തി. രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക പ്രതിസന്ധിയും നേപ്പാൾ ജനതയെ അസ്വസ്ഥരാക്കുന്നുണ്ട്. ഇതാണ് നേപ്പാളിലെ നിലവിലെ രാഷ്ട്രീയ വ്യവസ്ഥയോടുള്ള അതൃപ്തി വർധിക്കാൻ ഇടയാക്കുന്നതും. അഴിമതി, സാമ്പത്തിക ബുദ്ധിമുട്ടുകൾ, അസ്ഥിരത എന്നിവയാണ് പല നേപ്പാളികളുടെയും നിരാശയ്ക്ക് കാരണം. ഇത് രാജവാഴ്ച തിരിച്ചുവരണമെന്ന ആവശ്യം വീണ്ടും ഉയരാൻ കാരണമായി.











